30,000 രൂപ വേതനത്തോടെ വ്യോമസേനയില്‍ അഗ്‌നിവീറാവാന്‍ സുവര്‍ണ്ണാവസരം

ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിപഥ് പദ്ധതിയില്‍ അഗ്‌നിവീര്‍വായുവിലേക്ക് അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 30,000 രൂപ മുതല്‍. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും (രണ്ട് തീയതികളും ഉള്‍പ്പടെ) ഇടയില്‍ ജനിച്ച ഇന്ത്യക്കാരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
സയന്‍സ് വിഷയങ്ങള്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ ഗണിതം, ഭൗതികശാസ്ത്രം, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ ഇന്റര്‍മീഡിയറ്റ്/10 +2/തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും ഉണ്ടാകണം. എന്‍ജിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സോ രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സോ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. സയന്‍സ് ഒഴികെയുള്ള വിഷയങ്ങള്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും അംഗീകൃത വിഷയങ്ങളില്‍ ഇന്റര്‍മീഡിയറ്റ്/10+2/തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും ഉണ്ടാകണം.
റിക്രൂട്ട്‌മെന്റ് റാലികളും സെലക്ഷന്‍ ടെസ്റ്റുകളും മാനദണ്ഡമാക്കിയാണ് തെരഞ്ഞെടുപ്പ് പ്രകിയ. രണ്ടു ഘട്ടമായി നടക്കുന്ന എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ ഉയരം, ഭാരം, നെഞ്ചളവ്, കാഴ്ച, കേള്‍വി, ദന്താരോഗ്യം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. പുരുഷന്മാര്‍ക്ക് 152.5 സെന്റിമീറ്ററും സ്ത്രീകള്‍ക്ക് 152 സെന്റിമീറ്ററും ഉയരം ആവശ്യമാണ്. ശരീരത്തില്‍ ടാറ്റൂകള്‍ അനുവദനീയമല്ല.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ നാല് വര്‍ഷം കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഈ കാലയളവില്‍ വിവാഹിതരാവാന്‍ പാടുള്ളതല്ല. സേവനകാലയളവിനു ശേഷം 10 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി ആറിന് രാത്രി 11 നു മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https://agnipathvayu.cdac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍ : 02025503105, 25503106. ഇ-മെയില്‍ : casbiaf@cdac.in

Comments are closed.