വലിയ കഥയും ചരിത്രവും ഒന്നും പറയാനോ വലിയ വിശേഷപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടാനോ ഒന്നുമില്ലാത്ത തായ്‌ലന്റിലെ ഒരു കൊച്ചു തീരദേശ റിസോർട്ട് പട്ടണമാണ് Ao Nang. നഗരത്തിന് ഒരു വശം കടലും ഒരു വശം ചുണ്ണാമ്പു പാറകൾ നിറഞ്ഞ വന പ്രദേശവുമാണ്.
പക്ഷേ ഇവിടെ ദിവസം തോറും വിദേശ സഞ്ചാരികളുടെ വലിയ ഒഴുക്കാണ്. പ്രത്യേകിച്ചു സ്ത്രീകളും അൻപതുകളിലുള്ള ദമ്പതികളും.
ആളുകൾ ധാരാളമായി വന്ന് കുറച്ചു ദിവസങ്ങൾ വെറുതെയിങ്ങനെ താമസിക്കുന്നു. ചിലർ രാവിലെ ദീർഘ ദൂരം ഓടുന്നു. ചിലർ നടക്കാനും നീന്താനും പോകുന്നു.മറ്റു ചിലർ കടൽക്കരയിൽ കാറ്റേറ്റ് പുസ്തകം വായിച്ചു കിടക്കുന്നു.ഇളവെയിലുകാഞ്ഞിരിക്കുന്നു വേറെ ചില മനുഷ്യന്മാർ.
ഭാര്യ ഉണരും മുൻപ് ഞാൻ തനിച്ചൊരു നീണ്ട പ്രഭാത സവാരി നടത്തി വിയർത്തൊലിച്ചു മടങ്ങി വന്നു .പിന്നീട് കുളിച്ചു ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് തന്നെ പുഴുങ്ങിയ പച്ചക്കറികളും ഫ്രൈഡ് എഗ്ഗ്‌സും പൊരിച്ച റൊട്ടിയും പഴങ്ങളും ചേർത്ത പ്രഭാത ഭക്ഷണം കഴിച്ചു. ഒട്ടുന്ന വെളുത്ത ചോറും അവിടെയുണ്ടായിരുന്നു.
പിന്നീട് ഞങ്ങൾ നല്ലൊരു തായ് മസ്സാജിന് പോയി. 300 ബാത്ത് .ഒരു തായ് മസ്സാജിന് പോകുക ഇപ്പോഴും പല ഇന്ത്യക്കാരുടെയും ഒരു സ്വപ്നമാണ്. തായ് മസ്സാജ് എന്നൊരു ഹിന്ദി സിനിമതന്നെയുണ്ട്. മസ്സാജിനിടെ ഞാൻ ഉറങ്ങിപ്പോയി. ഭാര്യയ്ക്ക് വലിയ സന്തോഷമായി ഒരു മസ്സാജ് കഴിഞ്ഞപ്പോൾ.
പിന്നീട് ഒരു ബോട്ടിൽ കയറി 100 തായ് ബാത് കൊടുത്തു അടുത്തുള്ള Railey Islandൽ പോയി. അവിടെ വെറുതെ ചുറ്റിക്കറങ്ങി നല്ല തായ് ഭക്ഷണവും കഴിച്ചു മടങ്ങിപ്പോന്നു.
നല്ല സന്തോഷമായിരുന്നു.
വലിയ യാത്രാ വിവരണമെഴുതാനോ ഒന്നും ഒരു സാധ്യതയുമില്ലാത്ത ഒരു സാധാരണ ഇടമാണിവിടം .മനം മയക്കുന്ന പ്രകൃതിയും വലിയ ചിലവില്ലാത്ത നല്ല ഭക്ഷണവും വൈവിധ്യമാർന്ന ധാരാളം പുത്തൻ പഴങ്ങളും പ്രൊഫെഷണൽ മസ്സാജുമാവും ഒരു പക്ഷേ ഇത്രയധികം ആളുകളെ ഒഴിവുകാലം ആഘോഷിക്കാൻ ഈ മിത ശീതോഷ്ണ മണ്ഡലത്തിലേക്ക് ആകർഷിക്കുന്നത്. അവരിൽ പലരും ലോകമെമ്പാടുമുള്ള റോഡുകളുടെയും കടലിലൂടെയും വിമാനത്തിലൂടെയും അനന്തമായി യാത്ര ചെയ്യുന്നവരുമാണ്.
നൈറ്റ് മാർക്കറ്റ് എല്ലാ ദിവസവും ഉച്ചതിരിഞ്ഞു നാലുമുതൽ രാത്രി പതിനൊന്നുമണി വരെ പ്രവർത്തിക്കുന്നു. ആളുകൾ കുഞ്ഞൻ കടകളിൽ നിന്ന് ഭക്ഷണം വാങ്ങി ഒരു സ്റ്റേജിന്റെ മുൻപിൽ ഇട്ടിരിക്കുന്ന ഡൈനിങ്ങ് ടേബിളുകളിൽ ഇടം പിടിക്കും. സ്റ്റേജിൽ ഓരോ ആർട്ടിസ്റ്റുകൾ മാറി മാറി വന്നു കലാപരിപാടികൾ അവതരിപ്പിക്കും.
ചിലർ അവസാനം ഒരു ടിപ്പ് ബോക്സുമായി സഞ്ചാരികളുടെ അരികിൽ വരും. മിക്കവരും എന്തെങ്കിലും കൊടുക്കും. ഒരു അലമ്പൊ ബഹളമോ പൊലീസോ ഒന്നുമില്ല. എല്ലാവരും മാന്യമായി എല്ലാം ആസ്വദിച്ചു മടങ്ങുന്നു.
ഇത്രയും ആളുകൾ വരുന്ന നൈറ്റ് മാർക്കറ്റിലെ വൃത്തിയൊക്കെ അതിശയിപ്പിക്കുന്നതാണ്. നിലത്തൊന്നും ഒരു സിഗരറ്റു കുറ്റിയോ കടലാസു കഷണമോ കാണാനില്ല. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരും അവനവന്റെ ഗാർബേജ് എടുത്തു മാറ്റും. ഗാർബേജ് നീക്കം ചെയ്യാൻ ഇവർക്ക് മികച്ചൊരു സംവിധാനമുണ്ട്.
സാധുക്കളാണ് തായ്‌ലന്റിലെ മനുഷ്യർ .പണം വാങ്ങിയിട്ട് നന്ദി പറഞ്ഞു രണ്ടു കൈയ്യും കൂപ്പി നിൽക്കുന്നത് കാണുമ്പോൾ ഒരു സ്നേഹം തോന്നും. സ്ട്രീറ്റ് ഫുഡ് ഒക്കെ വിൽക്കുന്നവരുടെ വൃത്തി ഒന്ന് കാണേണ്ടതാണ് .
വലിയൊരു ഫ്രീഡമാണ് ഈ രാജ്യത്തു വരുമ്പോൾ ഓരോ സഞ്ചാരിയും അനുഭവിക്കുന്നത്. തായ്ലന്റിന് കുടുംബമായിട്ടല്ല ബാച്ചിലേഴ്‌സ് ആണ് പോകേണ്ടത് എന്നൊക്കെ ചിലര് പറയുന്നത് കേട്ടിട്ടുണ്ട്.
ലോക അബദ്ധമാണ് അതൊക്കെ.
ഏതൊരു ടൂറിസ്ററ് നഗരങ്ങളിലും ഉള്ള ഏർപ്പാടുകളൊക്കെയേ ഇവിടെയുമുള്ളൂ. ഓരോരുത്തരും അവനവന് വേണ്ടത് എവിടെയും തിരയുന്നു അത്ര മാത്രം.
രതിത്തൊഴിലിന് പേര് കേട്ട ഈ രാജ്യത്തുതന്നെ അപാരമായ ശാന്തിയും സമാധാനവും പകരുന്ന നിരവധി ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളും മൊണാസ്ട്രികളുമുണ്ട്.
ഇവിടെ വന്നിട്ട് മടങ്ങിപ്പോകാൻ ആളുകൾക്ക് മടിയാണ് എന്നാണ് എനിക്ക് മനസ്സിലായത്. മാസങ്ങളോളം ഇവിടെ ഫാമിലിയായി താമസിക്കുന്ന ആളുകളുണ്ട്. ഞാൻ കുടുംബമായി ഇതിന് മുൻപും തായ്‌ലന്റിൽ വന്നിട്ടുണ്ട്.
ഹോളിഡേ പോയിട്ട് വരുമ്പോൾ വ്യായാമമൊക്കെ ചെയ്ത് നല്ല മിടുക്കരായിട്ടാണ് ഇപ്പോൾ ആളുകൾ മടങ്ങി വരുന്നത്. എവിടെയെങ്കിലും പോയി അടിച്ചു ഫിറ്റായിക്കിടന്നു ഒരു ബോധമില്ലാതെ കുറച്ചു ദിവസങ്ങൾ ചിലവഴിച്ചു മടങ്ങി വരുന്ന ഏർപ്പാടൊക്കെ അവസാനിച്ചു വരികയാണ്. പണ്ട് ഞാനും ഇതൊക്കെ ചെയ്തിട്ടുണ്ട്. പ്രായവും ജീവിതാനുഭവങ്ങളും കൂടുമ്പോൾ ഇഷ്ട്ടങ്ങൾ പലതും മാറി വരും എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ ബോധ്യമായത്. യോഗയും വെയിറ്റ് ലോസും ഒക്കെ ഉൾപ്പെടുത്തിയ ടൂറുകൾക്ക് വൻ ഡിമാന്റുമുണ്ട്.
ഹൈക്കിങ്ങിലാണ് ഇപ്പോൾ യുവാക്കൾക്ക് വലിയ പ്രിയം. ഹൈക്കിങ്ങിന് പോകുന്നതിന് വളരെ മുന്നേ തുടങ്ങുന്ന തയ്യാറെടുപ്പുകൾ ഒരു മനുഷ്യന് വലിയ ശാരീരിക ക്ഷമത ഉണ്ടാക്കിക്കൊടുക്കും. സഞ്ചരിക്കുകയും ചെയ്യാം ആരോഗ്യവും നന്നാകും.
നാളെയും വലിയ പരിപാടികളൊന്നുമില്ല .ഒരു രാജ്യത്തു വന്ന് വെറുതെ അവിടുത്തെ പ്രകൃതിയും കാലാവസ്ഥയുമൊക്കെ അനുഭവിച്ചു വിശ്രമിക്കുന്നതാണ് എന്റെയൊരു രീതി. അല്ലാതെ മത്സരിച്ചോടി നടന്നു കാഴ്ച്ചകൾ കണ്ട് വലയുന്ന ഏർപ്പാടില്ല. പലരും ഹോളിഡേയ്ക്ക് പോയിട്ട് സാധാരണ പ്രവൃത്തി ദിവസത്തേക്കാൾ കൂടുതൽ അലയുകയാണ് പതിവ്.
തിങ്കളാഴ്ച്ച കിഴക്കേ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചുയരും നേരം ദ്വീപിലെ ഹ്രസ്വകാല പൊറുതി അവസാനിപ്പിച്ചു ഞങ്ങൾ സ്വ ഗൃഹത്തിലേക്കും പതിവ് ജീവിതത്തിലേക്കും മടങ്ങിപ്പോകും.
ഇനി മറ്റൊരു നാട്ടിലെ വിശേങ്ങളുമായി എന്നെങ്കിലും മടങ്ങിവരാമെന്നൊരു പ്രത്യാശയിലാണ്. സഞ്ചാരിയിൽ എന്തെങ്കിലും എഴുതുന്നതും ഇപ്പോഴത്തെ ഇഷ്ടങ്ങളിൽ ഒന്നാണ്.
എഴുത്ത്: സുനു കന്നാട്ട്
(2024 ഫെബ്രുവരി 16 .വെള്ളി .
Ao Nang .Krabi Thailand.)
Comments are closed.