സംസ്ഥാനത്ത് വെളുത്തുള്ളി വില റെക്കോർഡിലേക്ക്

മലപ്പുറം: സംസ്ഥാനത്ത് വെളുത്തുള്ളി വില റെക്കോർഡിലേക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വിലയിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, വിവിധ മാർക്കറ്റുകളിൽ വെളുത്തുള്ളി വില കിലോയ്ക്ക് 380- 440 രൂപയിലെത്തി. പത്ത് ദിവസത്തിനിടെ നൂറ് രൂപയിലധികമാണ് വർധിച്ചത്. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 300 രൂപയായിരുന്നു വില. സമീപ കാലയളവിൽ ഇത് ആദ്യമായാണ് വെളുത്തുള്ളി വില 400 രൂപ കടക്കുന്നത്. അപ്രതീക്ഷിതമായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സാധാരണയായി ശൈത്യ കാലങ്ങളിൽ വെളുത്തുള്ളിയുടെ വില വർധിക്കാറുണ്ട്. എന്നാൽ, ഇത്തവണ റെക്കോർഡ് വർധനവാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോയ്ക്ക് 50-70 രൂപയായിരുന്നു വില. വെളുത്തുള്ളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് വിലയും അനുപാതികമായി ഉയർന്നത്. മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വെളുത്തുള്ളി എത്തുന്നത്. വരും ദിവസങ്ങളിൽ വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

Comments are closed.