രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം: പൊലീസിന്റേത് ഫാസിസ്റ്റ് നടപടിയെന്ന് കെ സി വേണുഗോപാൽ, കിരാതമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം. വീട് വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത് പൊലീസ് രാജിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് പൊലീസ് നടപടിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പ്രതികരിച്ചു. സ്തുതിപാടകരാല്‍ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. രാഹുലിനെ കരിച്ചു കളയാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നു സുധാകരന്‍ മുന്നറിയിപ്പ് നൽകി.
ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്, സമരം ചെയ്ത പ്രവർത്തകരെയും നേതാക്കളെയും അർധരാത്രിയിൽ അറസ്റ്റ് ചെയ്യുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ് പൊലീസിന്റെതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട എന്ത് സാഹചര്യമാണുണ്ടായതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാര്‍ച്ചില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
Comments are closed.