ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിന് തുടക്കം

മലപ്പുറം: ജില്ലാ ഇൻക്ലൂസീവ് കായികോത്സവത്തിന് തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഇൻക്ലൂസീവ് കായികോത്സവത്തിലേക്കുള്ള ടീം സെലക്ഷനാണ് ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിൽ നടക്കുന്നത്. 15 ബി.ആർ.സികളിൽ നിന്നായി ഭിന്നശേഷികുട്ടികളും ജനറൽകുട്ടികളും ഉൾപ്പെടുന്ന ടീമുകളാണ് പങ്കെടുക്കുന്നത്.
ഇന്നലെ (ചൊവ്വ) ഗെയിംസ് ഇനങ്ങളായ ഫുട്‌ബോൾ, ക്രിക്കറ്റ്, ബാഡ്മിൻറൺ, ഹാൻഡ് ബോൾ എന്നീ ഇനങ്ങളിൽ മത്സരം നടന്നു. സമാപന ദിനമായ ഇന്ന് (ബുധൻ) അത്‌ലറ്റിക്‌സ് ഇനങ്ങളാണ് നടക്കുന്നത്. മിക്‌സ്ഡ് റിലേ, മിക്‌സ്ഡ് സ്റ്റാൻറിംഗ് ലോംഗ്ജംപ്, ബോൾത്രോ എന്നിവയിൽ സെലക്ഷൻ നടക്കും. ഭിന്നശേഷി കുട്ടികൾക്ക് അക്കാദമിക പിന്തുണ നൽകുന്നതോടൊപ്പം കായികശേഷി വർധിപ്പിക്കുവാനുള്ള അവസരം നൽകുക എന്നതാണ് ഇൻക്ലൂസീവ് കായികോത്സവം
കൊണ്ട് ലക്ഷ്യമിടുന്നത്. അന്തർദേശീയ തലത്തിൽ നടക്കുന്ന പാരാലിംപിക്‌സ്, ഡോർഫ്‌ഗെയിംസ്, സ്‌പെഷ്യൽ ഒളിമ്പിക്‌സ് തുടങ്ങിയ മത്സരങ്ങളിലേക്ക് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യം കൂടി കായികോത്സവത്തിനുണ്ട്. സമഗ്ര ശിക്ഷ കേരള ആദ്യമായാണ് ഇൻക്ലൂസീവ് കായികോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ്‌കുമാർ, എസ്.എസ്.കെ. മലപ്പുറം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി. മനോജ്കുമാർ, വിദ്യാകിരണം കോ-ഓർഡിനേറ്റർ സുരേഷ് കോളശ്ശേരി, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എം.ഡി മഹേഷ്, പി. കൃഷ്ണൻ, പരപ്പനങ്ങാടി എച്ച്.എം ഫോറം കൺവീനർ കതിയാമ്മു എന്നിവർ സംസാരിച്ചു.

Comments are closed.