ആലപ്പുഴയിലേക്കാണോ?!: 400 രൂപയ്ക്ക് അഞ്ച് മണിക്കൂർ ഒരു കിടിലൻ ബോട്ട് യാത്ര പോകാം

ആലപ്പുഴ: വെറും 400 രൂപയ്ക്ക് അഞ്ച് മണിക്കൂർ കിടിലൻ ബോട്ട് യാത്ര പോകാം.
600 രൂപ കൊടുത്താൽ ഏസി യിലും യാത്ര ചെയ്യാം. സർക്കാരിന്റെ വേഗ ബോട്ട് സർവീസാണ് ഇത്തരം ഒരു അവസരം സഞ്ചാരികൾക്കായി സമ്മാനിക്കുന്നത്.

ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റും ഉണ്ട്. മൊത്തം 120 സീറ്റാണ് ഉള്ളത്. മുൻകൂട്ടി ബുക്ക് ചെയ്ത് വന്നാൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ ബുക്ക് ചെയ്യുന്ന ഫോൺ നമ്പർ ഉള്ള വ്യക്തി ബോട്ടിൽ ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഉണ്ട്.
രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ബോട്ട് യാത്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് നേരെ ഫിനിഷിംഗ് പോയിന്റ് വഴി സ്റ്റാർട്ടിംഗ് പോയിന്റും ചുറ്റി വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് യാത്ര. പാതിരാമണലിൽ ബോട്ട് ഒരു മണിക്കൂർ വെയ്റ്റിങ് ഉണ്ട്, അവിടെ കയറുന്നതിന് ഒരാൾക്ക് 10.00 ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരു മണിക്ക് അവിടെ എത്തിയ നമുക്ക് നേരത്തെ കുടുംബശ്രീയിലെ ചേച്ചിമാർ ഊണിന് വേണ്ട കൂപ്പൺ തന്നിരിക്കും.
100 രൂപയാണ് ഊണിന് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും.
കുറച്ച് റെസ്റ്റ് എടുത്ത ശേഷം രണ്ട് മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷൃമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും ആ റൂട്ടിൽ അധികം ബോട്ടുകൾ പോകാത്ത റൂട്ടാണ്. കൂടാതെ പലതരം പക്ഷികളെ യാത്രയിൽ കാണുവാനും സാധിക്കും.

3.15 നോടുകൂടി ആർ ബ്ലോക്കിൽ നിന്നും സ്ഥിരം കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് ആലപ്പുഴയിലേക്ക് തിരിക്കും. യാത്രയിൽ ബോട്ടിന്റെ മുൻപിലും പുറകിലും നിൽക്കാനും ഇരുന്ന് യാത്ര ആസ്വദിക്കാനും സാധിക്കും.
വൈകിട്ട് നാല് മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ തിരികെ എത്തിച്ചേരും.

11 മണിക്ക് ആരംഭിച്ച യാത്ര നാല് മണിക്ക് തിരികെയെത്തി കൂടാതെ ഇവിടെ നിന്നും ബീച്ചിൽ പോയി ലൈറ്റ് ഹൗസും, ബീച്ചും കണ്ട് സൂര്യാസ്തമയത്തോടൂകൂടി വീട്ടിലേക്ക് മടങ്ങാവുന്നതാണ്.
ഒരു ദിവസം ആലപ്പുഴ കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യുമെന്ന് തീർച്ചയാണ്.

ബുക്കിംഗ് നമ്പർ:
9400050322
9400050325

Comments are closed.