ഡിസംബർ മാസത്തിൽ സന്ദർശിക്കാൻ പറ്റുന്ന മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ വാഗമൺ. സഞ്ചാരികൾക്കായി കുന്നോളം കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് അവധി തുടങ്ങിയതോടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സഞ്ചാരികളാണ് വാഗമണ്ണിലെത്തുന്നത്.
കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണ് വാഗമണ്ണിൽ ഉള്ളത്. 40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം. പാലത്തിൽ കയറിനിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂരദൃശ്യങ്ങൾവരെ ആസ്വദിക്കാൻ കഴിയും. ഇവിടെയുള്ള അഡ്വഞ്ചർ പാർക്കിൽ റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിങ്, സിപ് ലൈൻ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി ഒട്ടേറെ സാഹസിക ഇനങ്ങളും സഞ്ചാരികൾക്ക് ആസ്വദിക്കാനാകും
വാഗൺ പൈൻവാലി, മൊട്ടക്കുന്ന് എന്നിവിടങ്ങളിലും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. മൊട്ടക്കുന്നിന് നടുവിലെ തടാകവും ബോട്ടിങ്ങുമെല്ലാം സഞ്ചാരികളെ ആകർഷിക്കും. വാഗമണ്ണിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് പാലൊഴുകുംപാറ വെള്ളച്ചാട്ടം. വാഗമണ്ണിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ സഞ്ചാരികൾ എത്തുന്നത് കുറവാണ്. 150 അടി ഉയരത്തിൽനിന്നാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.
Comments are closed.