ഊട്ടിയിലേക്കാണോ യാത്ര: കർണാടക സർക്കാരിന്റെ കീഴിലുള്ള 38 ഏക്കർ പൂന്തോട്ടത്തിൽ ചുരുങ്ങിയ ചിലവിൽ താമസിക്കാൻ അവസരം
രണ്ട് ദിവസം അവധി കിട്ടിയാൽ മലയാളികൾ ഏറ്റവും കൂടുതൽ യാത്ര പോകുന്ന സ്ഥലമാണ് ഊട്ടി. അവിടുത്തെ കാലാവസ്ഥയും, ഭംഗിയുള്ള പൂന്തോട്ടങ്ങളും, മഞ്ഞും, മലയും, തേയില തോട്ടങ്ങളും, പൈൻ മരകാടുകളും എല്ലാം എത്ര വട്ടം കണ്ടാലും മതി വരില്ല.
പലപ്പോഴും ഊട്ടിയിലെ താമസം ആണ് ബുദ്ധിമുട്ട് ആകുന്നത്. ഹോട്ടലുകളും, റിസോർട്ടുകളും എല്ലാം ചിലവ് കൂടിയവയാണ്. കഴിഞ്ഞ നവംബറിൽ ഊട്ടിയിൽ പോയപ്പോൾ, ഓൺലൈൻ വഴി ബുക്ക് ചെയ്ത ഹോട്ടൽ, നല്ല എട്ടിന്റെ പണി തന്നത് കൊണ്ട്, ഇത്തവണ ഒരുപാട് സമയം എടുത്ത് ആണ് ഒരു ഹോട്ടൽ കണ്ട് പിടിച്ചത്.
പറഞ്ഞ് വരുന്നത് മയൂര സുദർശൻ എന്ന ഹോട്ടലിനെ പറ്റിയാണ്. പലരും അവിടെ താമസിച്ചിട്ടുണ്ടാകും. എന്നാലും ഒരുപാട് പേർക്ക് അങ്ങനെ ഒരു ഹോട്ടലിനെ പറ്റി അറിയില്ല. കർണാടക സർക്കാരിന്റെ കീഴിലുള്ള ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോട്ടൽ ആണ് മയൂര സുദർശൻ.
രണ്ട് പേർക്ക് 2000 രൂപ ചിലവിൽ 38 ഏക്കർ ഉള്ള പൂന്തോട്ടത്തിൽ താമസിക്കാം. കർണാടക സർക്കാരിന്റെ തന്നെ “കർണാടക സിറി ഹോർട്ടികൾച്ചർ ഗാർഡൻ” ഇൽ ആണ് ഈ ഹോട്ടൽ. ചിലർക്കെങ്കിലും 2000 രൂപ കൂടുതൽ അല്ലേ എന്ന് തോന്നാം. പക്ഷെ ഇത്രയും മനോഹരമായ ഒരു ഗാർഡനിൽ ഇങ്ങനെ ഒരു സ്റ്റേ കിട്ടാൻ പാടാണ്. രാവിലത്തെ ഭക്ഷണവും ഈ 2000 രൂപയിൽ ഉൾപെടും. അവിടെ താമസിക്കുന്നത് കൊണ്ട്, അത്രയും വിശാലമായ ഗാർഡൻ ടിക്കറ്റ് എടുക്കാതെ കാണാം. രാവിലെ എഴുന്നേറ്റ് തണുത്ത കാലാവസ്ഥയിൽ ഇത്രയും വിശാലമായ പൂന്തോട്ടത്തിൽ, എത്ര നേരം വേണമെങ്കിലും ചുറ്റി നടക്കാം. എവിടെ നോക്കിയാലും ഫോട്ടോസ് എടുക്കാൻ പറ്റിയ സ്ഥലങ്ങളാണ്. ബൊട്ടാണിക്കൽ ഗാർഡനിലെയും, റോസ് ഗാർഡനിലെയും തിരക്കിൽ നിന്നെല്ലാം ഒഴിഞ് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പറ്റിയ ഒരു അടിപൊളി സ്ഥലം.
2000 രൂപക്ക് മുകളിൽ ഉള്ള റൂമുകളും, പിന്നെ 3 വുഡൻ കോട്ടേജുകളും ഉണ്ട്. വുഡൻ കോട്ടേജുകൾ ഒരു മാസത്തിന് മുന്നേ ബുക്ക് ചെയ്യേണ്ടി വരും. ഊട്ടി ടൗണിൽ നിന്ന് നാല് കിലോമീറ്റർ പോയാൽ ഈ ഹോട്ടലിലെത്താം.
ബുക്കിംഗ് വെബ്സൈറ്റ്
Comments are closed.