നിലമ്പൂർ- ഷൊർണൂർ റെയില്‍പാത വൈദ്യുതീകരണം അടുത്ത മാസം പൂർത്തിയാകും

അങ്ങാടിപ്പുറം: നിലമ്പൂർ – ഷൊർണൂർ റെയിൽപാതയുടെ 67 കിലോമീറ്റർ ദൂരമുള്ള വൈദ്യുതീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഇനി 30 കിലോമീറ്റർ മാത്രമാണ് ലൈൻ വലിക്കാനുള്ളത്. ഷൊർണൂർ മുതൽ അങ്ങാടിപ്പുറം വരെയുള്ള ഭാഗത്ത് കുലുക്കല്ലൂരിനും ചെറുകരയ്ക്കും ഇടയിലുള്ള പാലമുള്ള ഭാഗത്തും പാറകളുള്ള ആറ് കിലോമീറ്റർ ഭാഗങ്ങളിലുമാണ് ലൈൻ വലിക്കാനുള്ളത്. 25 വൈദ്യുതക്കാലുകൾ മാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്.

അങ്ങാടിപ്പുറം സ്റ്റേഷനകത്ത് ഒഴികെ ഇരുവശത്തും ലൈൻ വലിച്ചു. റെയിൽപാളത്തിന് മുകളിലൂടെ ക്രോസ് ചെയ്ത് പോകുന്ന 66 കെവിക്ക് താഴെയുള്ള പവർ ലൈനുകൾ ട്രാക്കിന് അടിഭാഗത്തുകൂടി കേബിൾവഴി കടത്തിവിടണം. പാതയിൽ ഏഴ് സ്ഥലത്താണ് ഇത്തരത്തിൽ ലൈനുള്ളത്. ഈ പ്രവൃത്തികൂടി നടത്തേണ്ടതുണ്ട്.

മേലാറ്റൂർ റെയിൽവേ സ്റ്റേഷന് സമീപം സബ് സ്‌റ്റേഷൻ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇവിടെ രണ്ട് ട്രാൻസ് ഫോമറുകൾ സ്ഥാപിച്ചു. അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷൻ പ്രവൃത്തികളും ചോലക്കുളത്തെ 110 കെവി സബ് സ് റ്റേഷനിൽനിന്ന് വൈദ്യുതിയെത്തിക്കുന്ന ഭൂഗർഭ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്.

ഷൊർണൂർ മുതൽ നിലമ്പൂർ വരെ 1200 വൈദ്യുതക്കാലുകളാണ് സ്ഥാപിക്കുന്നത്. വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറുശ്ശിയിലുമാണ് ഒരുക്കുന്നത്. വൈദ്യുതീകരണം മാർച്ച് അവസാനത്തോടെ പൂർത്തിക്കരിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്കു ട്രെയിൻ ഓടി എത്താനുള്ള സമയം. ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ സമയം ഒരു മണിക്കൂർ പത്ത് മിനുട്ടായി കുറയും.

Comments are closed.