ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം പൊന്നാനി അഴിമുഖത്ത് ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു

പൊന്നാനി : ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം പൊന്നാനി അഴിമുഖത്ത് ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു. നിരക്ക് വർധനയെച്ചൊല്ലി കരാറുകാരും നഗരസഭയും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് 2022 ഒക്ടോബറിലാണ് പടിഞ്ഞാറേക്കര- പൊന്നാനി ജലപാതയിലെ ജങ്കാർ സർവീസിന്റെ കരാർ അവസാനിപ്പിച്ചത്. നിലവിൽ യാത്രാ ബോട്ട് സർവീസാണ് അഴിമുഖത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.
വാഹനങ്ങളെയും കയറ്റിക്കൊണ്ടു പോകാവുന്ന തരത്തിലുള്ള ജങ്കാർ ഏപ്രിൽ ഒന്നുമുതൽ സർവീസ് പുനരാരംഭിക്കാനാണ് തീരുമാനം. കൊച്ചിൻ ജങ്കാറിന്റെ കോഴിക്കോട് ചാലിയത്ത് സർവീസ് നടത്തുന്ന ജങ്കാറുകളിലൊന്നാണ് പൊന്നാനിയിലെത്തുക. വർഷം 65,000 രൂപ നഗരസഭയ്ക്ക് നൽകണമെന്നാണ് വ്യവസ്ഥ. നേരത്തെ 60,000 രൂപയായിരുന്നു നഗരസഭയ്ക്ക് ലഭിച്ചിരുന്നത്. യാത്രാനിരക്ക് 10 രൂപയുണ്ടായിരുന്നത് 20 രൂപയാകും. വിദ്യാർഥികളുടെ നിരക്ക് അഞ്ചുരൂപയായി തുടരും. ഇരുചക്രവാഹനങ്ങൾക്ക് 40, ഓട്ടോറിക്ഷ 50, കാറുകൾക്ക് 70 മുതൽ 100 വരെയാണ് നിരക്ക് ഈടാക്കുക. വാഹനയാത്രക്കാരും വിദ്യാർഥികളും വ്യാപാരികളും ഏറെ ആശ്രയിച്ചിരുന്ന ജങ്കാർ സർവീസിന് പകരമായി നഗരസഭ ഇപ്പോൾ നടത്തുന്ന ബോട്ട് സർവീസ് പലപ്പോഴും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥിതിയുണ്ട്.
തുറമുഖവകുപ്പ് പിഴചുമത്തുകയും സർവീസ് നിർത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജങ്കാർ സർവീസ് പുനരാരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് നഗരസഭയുടെ തീരുമാനം.

Comments are closed.