ജില്ലയിലെ തരിശുനിലങ്ങളിൽ മാതൃകാ കൃഷി ആരംഭിക്കും :കളക്ടർ വി.ആർ വിനോദ്

മലപ്പുറം : ജില്ലയിലെ കൃഷിയോഗ്യമായ തരിശു നിലങ്ങൾ കണ്ടെത്തി കൃഷിവകുപ്പിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോട മാതൃക കൃഷി ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ ജില്ലയിലെ നൂറ് ഹെക്ടർ സ്ഥലം ഇത്തരത്തിൽ കൃഷിയോഗ്യമാക്കും.
സുരക്ഷിത ഭക്ഷണക്രമം കൃഷിലൂടെ എന്ന സന്ദേശം ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്.

സുരക്ഷിത ഭക്ഷണക്രമത്തിലൂടെ സുരക്ഷിത ആരോഗ്യം സാധ്യമാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റ പുതിയ പദ്ധതിയുടെ പ്രചാരക പരിശീലന പരിപാടി മഞ്ചേരി ജില്ലാ ട്രോമാകെയർ പരിശീലന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഒരിക്കലും ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും അവരുടെ മനോഭാവത്തിൽ വരുത്തേണ്ട മാറ്റങ്ങൾക്കുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുക എന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളും ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണവും ജില്ലയിൽ വളരെ കൂടുതലാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പത്ത് ശതമാനം ആളുകളിലെങ്കിലും മാറ്റം വരുത്താൻ കഴിഞ്ഞാൽ അത് വലിയ മുന്നേറ്റമാവും. പത്തുവർഷത്തിനുള്ളിൽ രാജ്യ റാണി എക്സ്പ്രസിന്റെ ക്യാൻസർ വണ്ടി എന്ന ദുഷ്പേര് മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമുള്ള ജീവിതത്തിനായി ആരോഗ്യകരമായ ഭക്ഷണശീലം എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയത്തിൽ
ഫുഡ് സേഫ്റ്റി ഓഫീസർ പി.അബ്ദുൽ റഷീദ്, ട്രോമാകെയർ ജില്ലാ ഭാരവാഹി മുഹമ്മദ് സലീം എന്നിവർ ബോധവത്ണ ക്ലാസ് എടുത്തു.

പരിശീലനം ലഭിച്ച ട്രോമാകെയർ വളണ്ടിയർമാരുടെ സഹായത്തോടെ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ചടങ്ങിൽ സേവ ജിദ്ദാ എടക്കര സംഘടന ട്രോമാ കെയറിന് ധനസഹായം കൈമാറി.

മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറത്ത് ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍ കൂടി ലഭ്യമാക്കി ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയായാണ് ജില്ലയില്‍ പുതിയ ക്യാംപയിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയില്‍, കൃത്രിമ നിറങ്ങള്‍, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ കൂടാതെ ആരോഗ്യ വകുപ്പ്, ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, ട്രോമാകെയര്‍, റെസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹായത്തോടെയാണ് ജില്ലയില്‍ ക്യാംപയിന്‍ പരിപാടികള്‍ നടപ്പിലാക്കുന്നത്. കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരുടെയും സഹകരണം ഉറപ്പാക്കും.

ചടങ്ങിൽ ട്രോമാകെയർ ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് നജീബ് അധ്യക്ഷനായി,അസിസ്റ്റൻറ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ,ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍ പി.അബ്ദുല്‍ റഷീദ്, ട്രോമാകെയര്‍ ജനറൽ സെക്രട്ടറി കെ.പി പ്രതീഷ് കുമാർ ,സൗദി എടക്കര വെൽഫെയർ അസോസിയേഷൻ അംഗങ്ങളായ അഫ്സൽ കല്ലിങ്ങപ്പാടൻ ,മുഹമ്മദലി പാറപ്പുവൻ,അബ്ദുൽ കരീം പുന്നക്കാടൻ,എക്സ്പ്രാ പ്രസിഡന്റ് ടി.ടി അബ്ദുൾനാസർ,ട്രോമാകെയർ ജില്ലാ ഭാരവാഹികളായ മുഹമ്മദ് സലീം, ടി എം ഷാനിയ, കെ.അഷ്റഫ് വണ്ടൂർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.