മലപ്പുറം : മാലിന്യ സംസ്കരണ രംഗത്ത് യുവതീ യുവാക്കളുടെ ഇടപെടല്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. ബി രാജേഷ്. പൊന്നാനി നഗരസഭാ ടൂറിസം ഡെസ്റ്റിനേഷൻ വിവിധ പദ്ധതികളുടെയും
കുടുംബശ്രീ കാർണിവലിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശുചിത്വം ഒരു സംസ്കാരമാക്കി മാറ്റിയെടുക്കണം. മാലിന്യമുക്ത നവകേരളം പ്രചരണ പരിപാടി മുന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് യുവശക്തിയെ വിനിയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭാവിയുടെ വാഗ്ദാനവും സമൂഹത്തിന്‍റെ കരുത്തുമായ യുവജനങ്ങളെ ഒഴിച്ചുനിര്‍ത്തി മാറ്റം സാധ്യമാകില്ല. യുവതയുടെ ഇടപെടല്‍ സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വീടുകളിലും ബയോബിന്നുകള്‍ ഉറപ്പാക്കണം.
പൊതുസ്ഥലങ്ങളില്‍ അറിയിപ്പ് ബോര്‍ഡുകളും വേയ്സ്റ്റ് ബിന്നുകളും സ്ഥാപിക്കണമെന്നും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു..
നിളയോര പാതയിൽ കുടുംബശ്രീ ഒരുക്കുന്ന കാർണിവൽ ഫെബ്രുവരി 26 വരെ നടക്കും. രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ഉല്പന്ന വിപണന മേള, എത്നിക്ക് ഫുഡ് കോർട്ട്, സംരഭക സംഗമവും സംഗീത സന്ധ്യ, ഡാൻസ് ബീറ്റ്, യൂത്ത് ഫെസ്റ്റ് തുടങ്ങി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ചടങ്ങിൽ കുടുംബശ്രീ അംഗങ്ങളുടെ സംരംഭമായ ‘മൈ ലേഡിയുടെ’ ലോഗോ പ്രകാശനവും നടന്നു.
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ
രജിഷ് ഊപ്പല, ഒ.ഒ ഷംസു,ഷീന സുദേശൻ, ടി. അബ്ദുൾ ബഷീർ, അജീന ജബ്ബാർ, വാർഡ് കൗൺസിലർ കവിതാ ബാബു, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി,പൊന്നാനി നഗരസഭാ സെക്രട്ടറി സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.