തിരൂർ ആർടിഒ ഓഫീസില്‍ ലക്ഷക്കണക്കിന് രൂപയുടെ ടാക്സ് വെട്ടിപ്പ് നടന്നെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ: അഞ്ച് ലക്ഷം രൂപയുടെ മുകളിലുള്ള വെട്ടിപ്പാണ് നടന്നതെങ്കില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടും

തിരൂർ : തിരൂർ ആർടിഒ ഓഫീസില്‍ ലക്ഷക്കണക്കിന് രൂപയുടെ ടാക്സ് വെട്ടിപ്പ് നടന്നെന്ന വെളിപ്പെടുത്തലുമായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ. ടാക്സ് അടച്ചെന്ന് വരുത്തിത്തീർത്ത് പണം വെട്ടിച്ചു. അഞ്ച് ലക്ഷം രൂപയുടെ മുകളിലുള്ള വെട്ടിപ്പാണ് നടന്നതെങ്കില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മന്ത്രി അറിയിച്ചു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരൂർ ആർടിഒ ഓഫീസിലെ മുഴുവൻ ജീവനക്കാരെയും അടുത്ത ജില്ലയിലേക്ക് ട്രാൻസ്ഫർ ചെയ്യുക എന്ന നടപടിയിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം താക്കീത് നല്‍കി. തിരൂർ മാത്രമല്ല, മലപ്പുറം കേന്ദ്രീകരിച്ചുള്ള ഓഫീസുകളിലെല്ലാം ഇത്തരത്തില്‍ വലിയൊരു തട്ടിപ്പ് നടന്നതായി സംശയിക്കുന്നുണ്ടെന്നും അതിന്റെ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
കമ്പ്യൂട്ടറൈസായത് കൊണ്ട് തന്നെ ക്രമക്കേടുകള്‍ കണ്ടെത്താൻ സാധിക്കും. അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ നഷ്ടം വരുത്താൻ കാരണക്കാരായ ഉദ്യോഗസ്ഥർ ഇനി സർവീസില്‍ ഉണ്ടാകില്ല. അവരെ പിരിച്ചുവിടുമെന്ന കാര്യം ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

Comments are closed.