ഓരാടംപാലം- മാനത്തുമംഗലം ബൈപാസിന് ഇത്തവണയും ഫണ്ടില്ല: ആനമങ്ങാട്- മണലായ- മുതുകുർശി റോഡ് പ്രവൃത്തിക്ക് അഞ്ച് കോടി രൂപ അനുവദിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ 170.6 കോടി രൂപയുടെ 20 പ്രധാന പദ്ധതികൾ സമർപ്പിച്ചെങ്കിലും ഫണ്ടനുവദിച്ചത് ഒരു റോഡ് പദ്ധതിക്ക് മാത്രം. ആനമങ്ങാട്- മണലായ- മുതുകുർശി റോഡ് പ്രവൃത്തിക്ക് 5 കോടി രൂപ അനുവദിച്ചതാണ് ആശ്വാസം. മണ്ഡലം കൊതിച്ച പ്രധാന പദ്ധതികൾ ഉൾപ്പെടെ മറ്റ് 19 പദ്ധതികൾക്കും 100 രൂപ വീതം ടോക്കൺ പ്രൊവിഷൻ ഉൾപ്പെടുത്തി.
തൂതപ്പുഴയ്‌ക്ക് കുറുകെ ഏലംകുളം പഞ്ചായത്തിലെ പറയൻതുരുത്ത്– മാട്ടായ പാലം ഏറെ കാലമായുള്ള ആവശ്യമാണ്. ഓരാടംപാലം– മാനത്തുമംഗലം ബൈപാസ് റോഡിന്റെ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് 15 കോടി രൂപയുടെ നിർദേശം സമർപ്പിച്ചെങ്കിലും അതും 100 രൂപയിലൊതുങ്ങി.
കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശാശ്വത പരിഹാരമാണ് പദ്ധതി. നവകേരള സദസ്സിൽ മുൻ എംഎൽഎ വി.ശശികുമാർ നൽകിയ നിവേദനത്തിന് പ്രതികരണമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.എൻ.ബാലഗോപാലും പദ്ധതി പരിശോധിക്കുമെന്ന് പ്രഭാത സദസ്സിലും പൊതു സമ്മേളനത്തിലും അറിയിച്ചിരുന്നു. ഈ അനുകൂല മറുപടി ബജറ്റിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷ പുലർത്തിയിരുന്നു. അതുണ്ടായില്ല.
കൊടികുത്തി മല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ വികസനവും ഏറെ കാലമായുള്ള ആവശ്യവും പ്രതീക്ഷയുമാണ്. ട്രക്കിങ് വാഹനങ്ങൾ, ടോയ്‌ലറ്റ്–റിട്ടയർമെന്റ് കോംപ്ലക്‌സ്, റോഡ് നവീകരണം, പാത്ത്‌വേ, ക്യംപ് സെന്റർ, റെസ്‌റ്റോറന്റ് ഉൾപ്പെടെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി 10 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിരുന്നത്. നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ബഡ്‌സ് സ്കൂളുകൾ നിർമിക്കാനുള്ള 3 കോടി രൂപയുടെ പദ്ധതിയും സമർപ്പിച്ചിരുന്നു.
കായിക പ്രേമികൾ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് സ്‌റ്റേഡിയം. ഇൻഡോർ സ്‌റ്റേഡിയവും സിന്തറ്റിക് ട്രാക്കും ഫുട്ബോൾ സ്‌റ്റേഡിയവും ഫിറ്റ്നസ് സെന്ററും സ്വിമ്മിങ് പൂളും ഉൾപ്പെടെ സൗകര്യങ്ങളോടെ സ്പോർട്‌സ് കോംപ്ലക്സ് നിർമാണത്തിന് സമർപ്പിച്ച പദ്ധതിക്കും ഫണ്ട് അനുവദിച്ചില്ല.
സർക്കാർ സ്കൂളുകളും അടിസ്ഥാന സൗകര്യ വികസനവും പെരിന്തൽമണ്ണ സബ് ജയിലിന്റെ നവീകരണവും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനവുമെല്ലാം 100 രൂപയിലൊതുങ്ങി. പുലാമന്തോൾ–കൊളത്തൂർ റോഡ് നവീകരണം, വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ സാംസ്‌കാരിക നിലയത്തിന് കെട്ടിടം നിർമിക്കൽ, താഴെക്കോട് ജിഎംഎൽപി സ്‌കൂൾ കെട്ടിട നിർമാണം, പെരിന്തൽമണ്ണ, പുലാമന്തോൾ, താഴെക്കോട്, കരിങ്കല്ലത്താണി, വെട്ടത്തൂർ, മേലാറ്റൂർ നഗര നവീകരണം, മരുതല ഒടമല റോഡ് നവീകരണം, മുതിരമണ്ണ അയിലംപറമ്പ് റോഡ് നവീകരണം, വെട്ടത്തൂർ പൂങ്കാവനം ഡാമിനോട് ചേർന്ന് ഉദ്യാനപാർക്ക്, പെരിന്തൽമണ്ണ മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിന് മുകളിൽ ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടം, ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ വ്യവസായ പാർക്ക്, രാമഞ്ചാടി, വെട്ടിച്ചുരുക്ക് ശുദ്ധജല പദ്ധതിയുടെ പദ്ധതി പ്രദേശങ്ങളിൽ റഗുലേറ്റർ–വിയർ സ്ഥാപിക്കൽ എന്നീ പദ്ധതികൾക്കെല്ലാം ടോക്കൺ മണിയാണ് ഉൾപ്പെടുത്തിയത്. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തെ സംബന്ധിച്ചേടത്തോളം വളരെയേറെ നിരാശാജനകമാണ് ബജറ്റെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
Comments are closed.