മലപ്പുറം: വഴിക്കടവിൽ റിസോർട്ട് ഹോട്ടൽ ആരംഭിക്കുന്നതിന് ഷബീർ അലിയുടെയും ഫെബിനയുടെയും മുന്നിലുണ്ടായിരുന്ന തടസങ്ങളെല്ലാം നീക്കിക്കൊണ്ട് ജില്ലാതല ഏകജാലക ബോർഡിൻ്റെ ഉത്തരവിറങ്ങി. കെട്ടിട നമ്പറും പ്രവർത്തനാനുമതിയും നൽകുന്നതിൽ തദ്ദേശസ്ഥാപനത്തിൽ നിന്നുണ്ടായ തടസത്തെത്തുടർന്ന് കോടതിയെ അടക്കം സമീപിച്ച സംരംഭകർക്കാണ് ഇപ്പോൾ വ്യവസായ വകുപ്പിൻ്റെ ഏകജാലക ബോർഡ് വഴി സമ്പൂർണമായും അനുകൂലമായ ഉത്തരവ് ലഭിച്ചിരിക്കുന്നത്.
സംരംഭകർ മലപ്പുറം ജില്ലാതല പരാതി പരിഹാര കമ്മിറ്റിയിലേക്കും ജില്ലാതല ഏകജാലക അനുമതി ബോർഡിലേക്കും അപേക്ഷ സമർപ്പിച്ച് വളരെ പെട്ടെന്നുതന്നെ ഏകജാലക അനുമതി ബോർഡ് ഈ വിഷയം ചർച്ച ചെയ്യുകയും ഹൈക്കോടതി ഉത്തരവ് പാലിക്കുവാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയുമുണ്ടായി. ഇതു പ്രകാരം വഴിക്കടവ് ഗ്രാമപഞ്ചായത്ത് സംരംഭത്തിന് ലൈസൻസ് അനുവദിച്ച് ഉത്തരവായി. ഏകജാലക സംവിധാനത്തിലൂടെയും പരാതി പരിഹാര സംവിധാനത്തിലൂടെയും സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നതിൻ്റെ മറ്റൊരു ഉദാഹരണമാണിത്. നിയമാനുസൃതമായ ഏത് വിഷയത്തിലും വ്യവസായ വകുപ്പ് സംരംഭകർക്കൊപ്പമുണ്ടാകുമെന്ന ഉറപ്പ് നൽകൽ കൂടിയാണിതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
Comments are closed.