ശാന്തപുരം: 2023 ഡിസംബർ 30, 31 തീയതികളിലായി നടക്കുന്ന ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ ബിരുദ ദാന സമ്മേളനം ചരിത്ര സംഭവമാക്കാൻ ശാന്തപുരം കാമ്പസിൽ ഒരുക്കം തകൃതി. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ മുഖ്യധാരാ നേതാക്കൾ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
അക്കാദമിക് സെമിനാർ, ലീഡേഴ്‌സ് മീറ്റ്, ഇന്റെലെക്ച്വൽ സമ്മിറ്റ്, ബിസിനസ് മീറ്റ്, കൾച്ചറൽ കാർണിവൽ, ഉറുദു കോൺഫറൻസ്, പൂർവ വിദ്യാർഥി സമ്മേളനം തുടങ്ങിയ സുപ്രധാന സെഷനുകളിൽ ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കും. വിദ്യാഭ്യാസ സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസവും ന്യൂന പക്ഷ ശാക്തീകരണവും, ഇന്ത്യൻ ബ്യൂറോക്രസിയും ന്യൂനപക്ഷ പ്രാതിനിധ്യവും, മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഗുണ മേന്മയും ദൗത്യ നിർവഹണവും തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ വിദഗ്‌ധർ സംബന്ധിക്കും.
കേരളത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് പുറമെ ഇന്ത്യയിലെ പ്രമുഖ മത വിദ്യാഭ്യാസ സ്ഥാപനങ്ങളായ നദ്‌വത്തുൽ ഉലൂം ലക്നോ, ദാറുൽ ഉലൂം ദയൂബന്ദ്, ജാമിഅ അൽഫലാഹ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പണ്ഡിതരും വിദ്യാഭ്യാസ വിദഗ്‌ധരും സമ്മേളത്തിൽ പങ്കെടുക്കും. മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്, ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയുടെ സാന്നിധ്യവും സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ ഉണ്ടാകും.
Comments are closed.