മാതൃകയായി മംഗലം ഗ്രാമപഞ്ചായത്ത്: നോമ്പുകാലത്ത് ഹരിതചട്ടം കൃത്യമായി പാലിക്കും

തിരൂർ : റംസാന്‍ വ്രതാനുഷ്ഠാന ചടങ്ങുകളിലും പ്രാർഥനാ യോഗങ്ങളിലും ഹരിതചട്ടം പാലിക്കാനൊരുങ്ങി മംഗലം ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ ഹരിതചട്ടം കൃത്യമായി പാലിക്കാൻ ആവശ്യമായ നടപടികൾ ഉറപ്പാക്കും. ഗ്രാമപഞ്ചായത്തിൽ ചേർന്ന മഹല്ല് ഭാരവാഹികളുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. നോമ്പുകാലത്ത് ഇഫ്താറുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്റ്റീൽ ഗ്ലാസ്, പ്ലേറ്റ് മറ്റു വസ്തുക്കൾ എന്നിവയുടെ ഉപയോഗം വർധിപ്പിക്കും. മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും മാലിന്യം കുന്നുകൂടുന്നത് തടയുന്നതിനും ഉത്സവ കാലത്തും നോമ്പ് കാലത്തും ഉണ്ടായേക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളുടെയും ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ് എന്നിവയുടെ ഉപയോഗവും പൂർണമായും ഒഴിവാക്കാനും നിർദ്ദേശിച്ചു. മാലിന്യം കത്തിക്കുന്നതിനെതിരെയും വലിച്ചെറിയുന്നതിനെതിരെയും ശക്തമായ ബോധവൽക്കരണം നടത്തും. സമൂഹ നോമ്പുതുറ, തറാവീഹ് നമസ്കാരം, പ്രാർഥനാ യോഗങ്ങൾ, ഈദ് ഗാഹ് തുടങ്ങിയ പരിപാടികളിൽ ഹരിതചട്ടം പൂർണമായും നടപ്പാക്കും. മാലിന്യം തരംതിരിച്ച് കയറ്റിയയക്കാൻ ഹരിത കർമസേനയുടെ സേവനം ഉപയോഗപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി കുഞ്ഞുട്ടി യോഗം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ കെ.ടി റാഫി മാസ്റ്റർ, ടി.പി ഇബ്രാഹീം കുട്ടി, പഞ്ചായത്തംഗം ആർ. മുഹമ്മദ് ബഷീർ, സെക്രട്ടറി ബീരാൻകുട്ടി അരീക്കാട്ടിൽ, അസിസ്റ്റന്റ് സെക്രട്ടറി എസ്. അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിനി, വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.

Comments are closed.