മലപ്പുറം ജില്ലയിലെ ബോട്ടുകളിലെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശങ്ങളുമായി മാരിടൈം ബോര്‍ഡ്; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
മലപ്പുറം ജില്ലയിലെ ജലാശയങ്ങളില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ്/ യാത്രാബോട്ടുകളിലെ സുരക്ഷിത യാത്രയ്ക്കായി യാത്രക്കാരും പൊതുജനങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മാരിടൈം ബോര്‍ഡ് പുറത്തിറക്കി.
ബോട്ട് യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
ബോട്ടുകളില്‍ യാത്ര ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന ബോട്ടിന് നിയമപ്രകാരം രജിസ്‌ട്രേഷന്‍, സര്‍വ്വേ എന്നിവ ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. ബോട്ടിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. യാത്രക്കാര്‍ക്ക് പ്രവേശനാനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രം പ്രവേശിക്കുക. അപ്പര്‍ ഡെക്ക് ഉള്ള ബോട്ടുകളില്‍ ബോട്ടിലെ ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ അപ്പര്‍ ഡെക്കില്‍ പ്രവേശിക്കാവൂ. അപകടസാധ്യത ഉണ്ടെന്നു മനസ്സിലാകുന്ന സാഹചര്യത്തില്‍ പരിഭ്രാന്തരാകുകയോ ബോട്ടിന്റെ ഒരുവശത്തേക്ക് നീങ്ങുകയോ ചെയ്യാതെ ബോട്ടിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം, പ്ലാസ്റ്റിക് കുപ്പികളിലെ ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് പകരം പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ജീവനക്കാരില്‍ നിന്നും മനസ്സിലാക്കുക. അഗ്നിബാധയുണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക, പുകവലി ഒഴിവാക്കുക. ബോട്ടിലെ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പരിശോധിച്ച് ഉറപ്പ് വരുത്തണം. അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാര്‍ ബോട്ടില്‍ ഉള്ളപക്ഷം അത് ബോട്ടിലെ ജീവനക്കാരുടെയോ മറ്റു യാത്രക്കാരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരണം. യാത്രക്കാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തണം. അപകടം ഉണ്ടാകുന്ന സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കരുത്.
Comments are closed.