പെരിന്തൽമണ്ണയിലെ ആശുപത്രികളിൽനിന്ന് മൊബൈൽഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണ : ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽഫോണുകൾ മോഷ്ടിച്ച കേസിലെ രണ്ടുപേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. വയനാട് സുൽത്താൻബത്തേരി പഴേരി സ്വദേശി നായക്കന്മാർകുന്നത്ത് ബഷീർ (49), കോഴിക്കോട് ഫറോക്ക് സ്വദേശി തോട്ടുപാടം മുനീർ (36) എന്നിവരെയാണ് ഇൻസ്‌പെക്ടർ എം.എസ് രാജീവ്, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അടുത്തദിവസങ്ങളിലായി പെരിന്തൽമണ്ണയിലെ ആശുപത്രികളിൽനിന്ന് മൊബൈൽഫോണുകളും പണവും മോഷണം പോകുന്നതായി പരാതികൾ ലഭിച്ചിരുന്നു. അന്വേഷണത്തിൽ ബഷീറിനെക്കുറിച്ച് സൂചന ലഭിക്കുകയും മഞ്ചേരിയിൽവെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്തതിൽ പെരിന്തൽമണ്ണയിലെ ആശുപത്രികളിൽനിന്ന് ഫോണുകൾ മോഷ്ടിച്ചതായും രണ്ടാംപ്രതി മുനീറിന് കൈമാറി വിൽപ്പന നടത്തിയതായും സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഫോണുകൾ രാമനാട്ടുകരയിലെ മൊബൈൽകടയിൽ വിൽക്കുകയും പണം വീതിച്ചെടുക്കുകയുംചെയ്തു. ജില്ലയിലും പുറത്തുമായി നിരവധി മോഷണക്കേസുകൾ ബഷീറിന്റെ പേരിലുണ്ട്. ഈ മാസം ആദ്യമാണ് ജയിലിൽനിന്നിറങ്ങിയത്. താനൂർ സ്റ്റേഷൻ പരിധിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലും പണവും മോഷ്ടിച്ചതിന് ജയിലിലായിരുന്ന മുനീർ ഒരാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. രണ്ടുപേരും ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നതെന്നും പോലീസ് പറഞ്ഞു.

Comments are closed.