മലപ്പുറം : ജില്ലാതല പട്ടയമേള ഇന്ന് മലപ്പുറം നഗരസഭാ ടൗൺഹാളിൽ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന പരിപാടി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയിലെ 5278 പേർക്ക് കൂടിയാണ് പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. തിരൂർ ലാന്റ് ട്രൈബ്യൂണലിലെ 1342, തിരൂരങ്ങാടി ലാന്റ് ട്രൈബ്യൂണലിലെ 919, മഞ്ചേരി ലാന്റ് ട്രൈബ്യൂണലിലെ 1088, ദേവസ്വം 1899, ഏറനാട് താലൂക്കിലെ 2 ലാന്റ് അസൈൻമെന്റ്റ് പട്ടയം, തിരൂരങ്ങാടി താലൂക്കിലെ 28 ഒ.എൽ.എച്ച്.എസ് പട്ടയം എന്നിവ ഉൾപ്പെടെയാണ് 5278 പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. പരിപാടിക്ക് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പട്ടയം വാങ്ങാനെത്തുന്നവർക്ക് ചായ, കുടിവെള്ളം, അടിയന്തിര മെഡിക്കൽ സേവനം എന്നിവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ട്രൈബൂണലുകൾ തിരിച്ച് കൗണ്ടറുകൾ ഒരുക്കിയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുക. പി. ഉബൈദുള്ള എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ വിനോദ് തുടങ്ങിയവർ പങ്കെടുക്കും.
Comments are closed.