പാലക്കാട്: നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ സന്ദര്‍ശക ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. മുതിര്‍ന്നവര്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് നിരക്ക്. കഴിഞ്ഞ നവംബറില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശ പ്രകാരമാണ് നിരക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് പുറത്തിറങ്ങിയത്.
വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ എന്നു മുതല്‍ ഫീസ് ഈടാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫീസ് ഏര്‍പ്പെടുത്തിയ നടപടി നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര വികസനത്തിന് തിരിച്ചടിയായാണ് വിലയിരുത്തല്‍. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനോ ലഘുഭക്ഷണമോ പാനീയമോ കഴിക്കാന്‍ പോലും സൗകര്യം ഏര്‍പ്പെടുത്താതെയുമാണ് ഫീസ് ഏര്‍പ്പെടുത്തിയത്. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള സന്ദര്‍ശക ഫീസ് ഫാമിലേക്ക് നിലവില്‍ എത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ശകരെ അകറ്റുമെന്ന് വിനോദസഞ്ചാരികള്‍ അഭിപ്രായപ്പെട്ടു.
തണുപ്പ് കൂടിയ പ്രദേശങ്ങളില്‍ മാത്രം വളരുന്ന പൂച്ചെടികളും ബ്രൊക്കോളി, കോളിഫ്‌ളവര്‍, കാബേജ്, കാരറ്റ്, ബീറ്റ്‌റൂട്ട്, സ്‌ട്രോബറി തുടങ്ങിയ ഫലവര്‍ഗങ്ങളുടെ തൈകളും ഫാമില്‍ ഉത്പാദിപ്പിക്കുന്ന സ്‌ക്വാഷ്, ജാം, ജെല്ലി എന്നിവയുടെ വില്‍പ്പനയുമാണ് ഫാമില്‍ നടക്കുന്നത്. തൊഴിലാളികള്‍ക്കുള്ള ശമ്പളത്തിന് പോലും ഫാമില്‍നിന്നുള്ള വിറ്റുവരവ് തികയാതിരിക്കെയാണ് അധിക വരുമാനത്തിനുള്ള മാര്‍ഗം കണ്ടെത്തിയത്. സ്വകാര്യ ഫാമുകളും തോട്ടങ്ങളും നടത്തുന്ന രീതിയില്‍ നിലവിലുള്ള കെട്ടിടങ്ങളില്‍ സൗകര്യം വര്‍ധിപ്പിച്ച് വാടകയ്‌ക്കോ പാട്ടത്തിനോ നല്‍കിയാല്‍ അധിക വരുമാനം ലഭിക്കുമെന്നിരിക്കെയാണ് നിലവിലുള്ള സന്ദര്‍ശകരെ പോലും അകറ്റുന്ന രീതിയില്‍ ഫീസേര്‍പ്പെടുത്തിയത്.
300 ഏക്കര്‍ ഉള്ള ഫാമില്‍ മൂന്നേക്കറില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതിയുള്ളത്. മിന്നാംപാറ, കേശവന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വനം വകുപ്പും നേരത്തെ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.
Comments are closed.