ഞെരളത്ത് സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും

അങ്ങാടിപ്പുറം : സോപാനസംഗീതാചാര്യൻ ഞെരളത്ത് രാമപ്പൊതുവാളിന്റെ ഓർമ നിലനിർത്താൻ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന ഞെരളത്ത് സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും.
വൈകുന്നേരം 4.30-ന് സംഗീതോത്സവവേദിയായ ശ്രീശൈലം ഹാളിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും.
തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റി വള്ളുവക്കോനാതിരി എം.സി. ശ്രീധരവർമരാജയും മലബാർ ദേവസ്വം ബോർഡ് ജില്ലാ അസി. കമ്മിഷണർ പി.ടി. വിജയിയും പങ്കെടുക്കും. ഡോ. എൻ.പി. വിജയകൃഷ്ണൻ ഞെരളത്ത് അനുസ്മരണം നടത്തും. തിരുമാന്ധാംകുന്ന് ദേവസ്വം നൽകുന്ന ഈ വർഷത്തെ ഞെരളത്ത് പുരസ്കാരം സോപാനസംഗീതജ്ഞൻ തിരുനാവായ ശങ്കരമാരാർ ഏറ്റുവാങ്ങും. ഉദ്ഘാടനസമ്മേളനത്തിനുശേഷം ആനയടി പ്രസാദിന്റെ കച്ചേരിയാണ് പ്രധാന പരിപാടി. അഞ്ച്‌ ദിവസം നീണ്ടുനിൽക്കുന്ന സംഗീതോത്സവത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽനിന്നെത്തുന്ന ഒട്ടേറെ സംഗീതജ്ഞർ സംഗീതാർച്ചന നടത്തും. സമാപനദിവസമായ 19-ന് രാവിലെയാണ് പഞ്ചരത്നകീർത്തനാലാപനം.
രാത്രി എട്ടിന് പൂന്താനം രചിച്ച തിരുമാന്ധാംകുന്നിലമ്മയുടെ കേശാദിപാദ വർണനയായ ഘനസംഘം മഞ്ചേരി ശൈലജ ബാലഗോപാലിന്റെ നേതൃത്വത്തിൽ ആലപിക്കും.

Comments are closed.