അങ്ങാടിപ്പുറം പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക, ഗതാഗത മേഖലകള്‍ക്ക് മുന്‍ഗണന: ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി റോഡുകള്‍ നവീകരിക്കും

അങ്ങാടിപ്പുറം: അങ്ങാടപ്പുറം ഗ്രാമ പഞ്ചായത്ത് 2024- 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 44,62,50,927 രൂപ വരവും 44,05,89,620 രൂപ ചെലവും 56,61,307 രൂപ മിച്ചവുമുള്ള ബജറ്റ് ആണ് വൈസ് പ്രസിഡന്‍റ് ഷബീര്‍ കറുമുക്കില്‍ അവതരിപ്പിച്ചത്. നെല്‍കൃഷിക്കും പാര്‍പ്പിട മേഖലക്കും റോഡ് വികസനത്തിനും/ഗതാഗത മേഖലക്കും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും മാലിന്യസംസ്കരണത്തിനും മുന്‍ഗണന നല്‍കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി റോഡുകള്‍ നവീകരിക്കും.

കാര്‍ഷിക മേഖലയില്‍ നെല്‍കൃഷിക്കും മൃഗസംരക്ഷണ മേഖലയില്‍ കാലിത്തീറ്റ പദ്ധതിക്കും ആധുനികസൗകര്യത്തോടെ മാലിന്യ സംസ്കരണത്തിനും തുക വകയിരുത്തി.അങ്ങാടിപ്പുറം സൗന്ദര്യവത്ക്കരണത്തിനും ചാത്തോലിക്കുണ്ട് അണ്ടര്‍പാസിനും അങ്കണവാടികള്‍ മോടികൂട്ടുന്നതിനും പുത്തനങ്ങാടി സ്കൂള്‍ നവീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്.

എസ്‌സി, ബിപിഎല്‍ കുടുംബങ്ങളിലേക്ക് വൈഫൈ സംവിധാനം ഒരുക്കുന്നതിനും തിരുമാന്ധാംകുന്നില്‍ നക്ഷത്ര വനം പദ്ധതിക്കും വയോജനങ്ങള്‍ക്ക് പോഷകാഹാരം കിറ്റു നല്‍കുവാനും പുതിയ പല്ലുവച്ചു നല്‍കുന്ന “മന്ദഹാസം,’ അങ്കണവാടി കുട്ടികള്‍ക്കു യൂണിഫോം, തുടങ്ങിയ നൂതന പദ്ധതികള്‍ക്കും തുക മാറ്റിവച്ചിട്ടുണ്ട്. ബജറ്റ് യോഗത്തില്‍ പ്രസിഡന്‍റ് സഈദ അധ്യക്ഷത വഹിച്ചു.

Comments are closed.