മലപ്പുറം : ജില്ലയിലെ ക്ഷീരകർഷകർക്ക് താങ്ങായി ക്ഷീരവികസന വകുപ്പ്. ക്ഷീരകര്‍ഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കുന്നതിനൊപ്പം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് വകുപ്പ് മലപ്പുറം ജില്ലയില്‍ നടപ്പാക്കി വരുന്നത്. ജില്ലയിലെ ക്ഷീരകർഷകർക്ക് പാൽ സംഭരണ വിലയായി പ്രതിവർഷം ലഭിക്കുന്നത് 132 കോടി രൂപയാണ്.
ജില്ലയില്‍ ജനസംഖ്യാനുപാതികമായി പ്രതിദിനം ഏകദേശം ഏഴ് ലക്ഷം ലിറ്റർ പാൽ ആവശ്യമായി വരുന്നുണ്ട്. ഇതില്‍ നാല് ലക്ഷം ലിറ്റര്‍ ജില്ലയില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. 252 ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം 77,371 ലിറ്റർ പാൽ ക്ഷീരകർഷകരിൽ നിന്നും സംഭരിക്കുന്നുണ്ട്. 9,372 ക്ഷീരകർഷകർ നിലവിൽ ക്ഷീരസംഘങ്ങളിൽ പാലളക്കുന്നുണ്ട്. ഇതിൽ 25,232 ലിറ്റർ പ്രാദേശിക വിൽപനയും 52,139 ലിറ്റർ മിൽമയ്ക്കുള്ള വിൽപ്പനയുമാണ് നടത്തുന്നത്. ഇതിലൂടെ പ്രതിവർഷം 132 കോടി രൂപയോളം രൂപയാണ് പാൽ സംഭരണ വിലയായി ജില്ലയിലെ ക്ഷീരകർഷകർക്ക് ലഭിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ത്രിതല പഞ്ചായത്തുകളിലൂടെ 1.5 കോടി രൂപയോളം പാൽവില ഇൻസെന്റീവ് ആയി കർഷകർക്ക് നൽകി. കൂടാതെ 114 ഹെക്ടർ സ്ഥലത്ത് തീറ്റപ്പുൽകൃഷി നടപ്പാക്കിയിട്ടുണ്ട്. കൂടാതെ തരിശുഭൂമിയിൽ പുൽകൃഷി നടപ്പാക്കുന്നതിന് മൂന്ന് ക്ഷീരകർഷകർക്ക് ധനസഹായവും നൽകി. കൂടാതെ നിലവിലെ പാലുൽപാദനത്തിലെ കുറവ് നികത്താൻ ക്ഷീര വികസന വകുപ്പ് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
ഒരു ക്ഷീര സംഘത്തിന് കെട്ടിടം നിർമിക്കുന്നതിനും 3.75 ലക്ഷം രൂപയും മറ്റൊരു സംഘത്തിന് മീറ്റിങ് ഹാൾ നിർമിക്കുന്നതിന് 5.25ലക്ഷം രൂപയും ക്ഷീര വികസന വകുപ്പ് ധനസഹായം നൽകി. ക്ഷീരസംഘങ്ങളുടെ പാൽ സംഭരണ പരിശോധന സംവിധാനങ്ങൾ ഓട്ടോമേഷൻ ചെയ്യുന്നതിന് 30 ലക്ഷത്തോളം രൂപ ധനസഹായവും ഇതിനകം നൽകി. എം.എസ്.ഡി.പി പദ്ധതിയിലൂടെ രണ്ട് പശു യൂണിറ്റുകൾ 31 എണ്ണം, അഞ്ച് പശു യൂണിറ്റുകൾ 19 എണ്ണം, 10 പശു യൂണിറ്റുകൾ ആറെണ്ണവും നടപ്പാക്കി. 64 കാലിത്തൊഴുത്തുകളുടെ നവീകരണത്തിനും ആധുനികവത്കരണത്തിനുമായി 35 ലക്ഷത്തോളം ധനസഹായം, കറവ യന്ത്രം വാങ്ങുന്നതിനായി 22 കർഷകർക്ക് 6.6 ലക്ഷം രൂപ ധനസഹായം, എട്ടു ക്ഷീര സംഘങ്ങൾക്ക് ബൂസ്റ്റർ പദ്ധതിയിലൂടെ പാൽ സംഭരണം വർധിപ്പിക്കുന്നതിനും നാല് സംഘങ്ങൾക്ക് പാൽ സംഭരണ വാഹനം ഓടിക്കുന്ന ചെലവിലേക്കും ധനസഹായം നൽകി. 10,000 കിലോ കേരമിൻ, ഗോവിറ്റ് തുടങ്ങിയ ധാതുലവണ മിശ്രിതങ്ങൾ ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ നൽകിയിട്ടുണ്ട്. അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഒമ്പത് കുടുംബങ്ങൾക്ക് ഒരു പശു യൂണിറ്റ് 100 ശതമാനം ധനസഹായത്തോടെ നടപ്പാക്കുകയും ചെയ്തു.
Comments are closed.