ദേശീയ വിരവിമുക്ത ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന് പെരിന്തല്‍മണ്ണയില്‍

പെരിന്തൽമണ്ണ : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് പെരിന്തല്‍മണ്ണയില്‍ നടക്കും. ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നഗരസഭ അധ്യക്ഷന്‍ പി. ഷാജി നിര്‍വ്വഹിക്കും. സബ് കളക്ടര്‍ അപൂര്‍വ്വ ത്രിപാഠി മുഖ്യാതിഥിയാകും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഒന്ന് മുതല്‍ 19 വയസ്സുവരെ പ്രായമുളള 13,38,853 പേര്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളിലും അങ്കണവാടികളിലുമായാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഒന്നു മുതല്‍ രണ്ട് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അര ഗുളികയും 2 മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചു കൊടുക്കണം. 3 മുതല്‍ 19 വരെ പ്രായമുള്ളവര്‍ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും വേണം. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ സ്ഥാപനത്തില്‍ നിന്ന് തന്നെ കഴിക്കണമെന്നും ഗുളിക കഴിച്ചെന്നു അദ്ധ്യാപകരും അങ്കണവാടി വര്‍ക്കര്‍മാരും ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇന്ന്വിര ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15ന് അങ്കണവാടികള്‍ വഴി ഗുളിക നല്‍കും. വിരവിമുക്ത ക്യാംപയിനിന്റെ പോസ്റ്ററുകള്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രകാശനം ചെയ്തു.

Comments are closed.