അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിനോട് അവഗണന; ബഹുജന പ്രക്ഷോഭം നടത്തുമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ

മങ്കട: അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിനോട് സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനക്കെതിരേ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു. ബജറ്റ് നിര്‍ദേശങ്ങളില്‍ ആദ്യ പ്രവൃത്തിയായി ഈ റോഡ് നിര്‍ദേശിച്ചിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നു കടുത്ത അവഗണനയാണുണ്ടായത്.
എംഎല്‍എ എന്ന നിലയില്‍ ഈ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും സമീപിക്കുകയും 15ലധികം കത്തുകള്‍ നല്‍കുകയും നിയമസഭയില്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ അങ്ങാടിപ്പുറത്ത് ബഹുജന പ്രതിഷേധം നടത്തുകയും തുടര്‍ന്നു മൂന്നു കോടി രൂപ അനുവദിച്ചു. പ്രവൃത്തി ആരംഭിച്ചെങ്കിലും മഴ കാരണം നിര്‍ത്തിവെച്ച ശേഷിക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്‍റെ സിഐആര്‍എഫ് ഫണ്ടില്‍ നിന്നു കുളത്തൂരില്‍ രണ്ടു പാലം നിര്‍മിക്കുന്നതിന് 10 കോടി അനുവദിച്ചിരുന്നു. പിന്നീട് കുളത്തൂര്‍ സ്റ്റേഷന്‍പടി കേന്ദ്രീകരിച്ച്‌ സമരം നടത്തി. അതിനെ തുടര്‍ന്നാണ് അഞ്ചു കോടി അനുവദിച്ചു പിഡബ്ല്യുഡി ഉത്തരവായത്. പുത്തനങ്ങാടി പള്ളിപ്പടി മുതല്‍ പാലച്ചോട് വരെ ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കിയെങ്കിലും റോഡ് പൂര്‍ണമായും പുനരുദ്ധാരണം നടത്തിയാല്‍ മാത്രമേ ഗതാഗത യോഗ്യമാവുകയുള്ളൂവെന്നു വകുപ്പുമന്ത്രിയെ അറിയിച്ചിരുന്നു.
എട്ടു കോടി രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നും 10 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതിനോടകം ലഭ്യമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ റോഡ് ഗതാഗത യോഗ്യമാക്കുകയാണാവശ്യം. നടപടിയില്ലെങ്കില്‍ ബഹുജന സമരം സംഘടിപ്പിക്കുമെന്നും മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു.

Comments are closed.