പെരിന്തൽമണ്ണ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നവീകരിച്ച നിയമങ്ങളും നഗരസഭാ നയങ്ങളും ഉൾക്കൊള്ളിച്ച് പരിഷ്‌കരിച്ച യൂസർ ഫീ കാർഡ് പെരിന്തൽമണ്ണ നഗരസഭ പുറത്തിറക്കി. കാർഡിന്റെ പ്രോത്സാഹനം ലക്ഷ്യമിട്ട് രണ്ടുവർഷത്തെ മുൻകൂർ യൂസർ ഫീസ് അടയ്ക്കുന്നവർക്ക് പ്ലാറ്റിനം കാർഡും ഒരുവർഷത്തെ ഫീസ് അടയ്ക്കുന്നവർക്ക് ഗോൾഡൻ കാർഡും ഇനി മുതൽ നഗരസഭ നൽകും.
നവീകരിച്ച മാലിന്യ പരിപാലനച്ചട്ടങ്ങളും ആധുനിക മാലിന്യ സംസ്‌കരണ രീതികളും പ്രാധാന്യവും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനായി സംഘടിപ്പിച്ച ഏകദിന ശില്പശാല നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ആദ്യ പ്ലാറ്റിനം കാർഡ് അമൃതം ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. പി. കൃഷ്ണദാസും ഗോൾഡൻ കാർഡ് ഡോ. നിലാർ മുഹമ്മദും ഏറ്റുവാങ്ങി. സെമിനാറിലെ വിവിധ സെഷനുകളിൽ കണ്ണൂർ റിട്ട. ഹെൽത്ത് സൂപ്പർവൈസർ കെ.എം. ഗിരീശൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ജ്യോതിഷ്, പി.പി. രാധാകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ ഫിലിപ്പ്, ബീന സണ്ണി എന്നിവർ ക്ലാസെടുത്തു.
നഗരസഭാ ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. വാതിൽപ്പടി സേവനത്തിൽ നൂറുശതമാനം നേട്ടം കൈവരിച്ച വാർഡുകളിലെ കൗൺസിലർമാരായ എ. നസീറ, ഷാൻസി നന്ദകുമാർ, പി.എസ്. സന്തോഷ് കുമാർ, സക്കീന സെയ്ദ് എന്നിവരെയും ശുചിത്വ മാലിന്യ പരിപാലന മേഖലയിലെ സ്ഥാപനങ്ങളെയും ജീവനക്കാരെയും ആദരിച്ചു. ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, നഗരസഭാംഗങ്ങൾ, ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.