യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; കോടതി ഇടപെട്ടു, മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്ത് പോലീസ്.
ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസെടുക്കാൻ നിര്‍ദേശം നല്‍കിയത്. മര്‍ദനമേറ്റവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയുമായിരുന്നു ഹര്‍ജി.
ഗണ്‍മാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ എസ്.പിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് വീഡിയോ സഹിതം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. ഹര്‍ജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ മര്‍ദിച്ചത്. മുദ്രാവാക്യം വിളിച്ച രണ്ടുപ്രവര്‍ത്തകരെ ആദ്യം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുകയും ചെയ്തു. എന്നാല്‍, ബസിനൊപ്പം വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാൻ ഉള്‍പ്പടെയുള്ള അംഗരക്ഷകര്‍ കാറില്‍നിന്ന് ഇറങ്ങിവന്നശേഷം ഇരുവരേയും ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
Comments are closed.