ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം : നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായവരെ കാപ്പ ചുമത്തി നാടുകടത്തി. എടവണ്ണ തിരുവാലി കൊടിയംകുന്നേൽ ബിനോയ് (53), വളാഞ്ചേരി ആതവനാട് വെട്ടിക്കാട്ട് വീട്ടിൽ ഷമ്മാസ് (32), വളാഞ്ചേരി മൂച്ചിക്കൽ കുണ്ടനിയിൽ വീട്ടിൽ അർഷാദ് (33), തിരൂർ പെരുന്തല്ലൂർ ആലുക്കൽവീട്ടിൽ ജാഫർ (ബാവാട്രി-41) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. തിരുവാലി സ്വദേശിയായ ബിനോയ് കുറ്റകരമായ നരഹത്യാശ്രമം, അനധികൃത മദ്യവിൽപ്പന തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ഷമ്മാസ്, അർഷാദ്, ജാഫർ എന്നിവർ നിരവധി മണൽക്കടത്ത് കേസുകളിലെ പ്രതികളാണ്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ റിപ്പോർട്ട് പ്രകാരം തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എസ്. അജിതാബീഗമാണ് ഉത്തരവിറക്കിയത്.
ആറുമാസത്തേക്കാണ് ഇവർക്ക്‌ മലപ്പുറം ജില്ലയിൽ പ്രവേശനവിലക്ക്‌ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേക്കു പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും. മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്.

Comments are closed.