മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന നടന്‍ സുരാജിന് മറുപടിക്ക് വീണ്ടും സമയം നീട്ടിനല്‍കി; തത്കാലം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യില്ല
കാക്കനാട്: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആര്‍. മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിച്ചു.
മൂന്ന് തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Comments are closed.