ആനമങ്ങാട് സ്വദേശിയുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി ആറ് ലക്ഷം കവർന്ന കേസിൽ തൂത, ചെറുകര സ്വദേശികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ

പെരിന്തൽമണ്ണ: കാറിലെത്തിയ സംഘം ആനമങ്ങാട് സ്വദേശിയായ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ആറ് ലക്ഷം രൂപ കവർന്ന കേസിൽ ആറ് അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി കൊല്ലരുതൊടി അമീർ (34), പെരിന്തൽമണ്ണ ഒലിങ്കര സ്വദേശി കറുപ്പൻവീട്ടിൽ ഫസൽ (27), കോട്ടയം വാകത്താനം സ്വദേശി പാണ്ടൻചിറ ജോസഫ് (28), തൂത സ്വദേശി വെട്ടുക്കുന്നത്ത് അമൽ (24), കട്ടുപ്പാറ ചേലക്കാട് സ്വദേശി ചീനിക്കൽ മുഹമ്മദ് നിസാർ (24), ചെറുകര പെരുമ്പാറ സ്വദേശി കക്കാട്ടുകുന്ന് വിഷ്‌ണു (29) എന്നിവരെയാണ് പൊലീസ് പല സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്. 
കഴിഞ്ഞ 13 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആനമങ്ങാട്ടെ വീട്ടിൽ നിന്ന് വളാഞ്ചേരിയിലേക്ക് ബൈക്കോടിച്ച് പോകുകയായിരുന്ന ആനമങ്ങാട് സ്വദേശിയെ കാറിൽ പിന്തുടർന്ന സംഘം ബൈക്കിൽ‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞ് തെറിച്ചുവീണ പരാതിക്കാരനെ മർദിച്ച് ബൈക്കുമായി കടക്കുകയുമായിയിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ കവർന്ന് ബൈക്ക് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

കൈകാലുകൾക്ക് ഗുരുതരമായി പരുക്കേറ്റ പരാതിക്കാരനെ സമീപവാസികളാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഡിവൈഎസ്‌പി കെ.കെ.സജീവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

കവർച്ചയുടെ മുഖ്യ സൂത്രധാരൻ ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി കൊല്ലരുതൊടി അമീർ ആണ് പരാതിക്കാരൻ പോകുന്ന വഴിയും ബൈക്കിന്റെ നമ്പറും സംഘത്തിലെ മറ്റുള്ളവർക്ക് കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. 

കാറിലുണ്ടായിരുന്ന മറ്റ് പ്രതികൾ പരാതിക്കാരന്റെ ബൈക്കിനു പിറകെ ഓടിച്ചുവന്ന് ആലുംകൂട്ടത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാർ ബൈക്കിൽ ഇടിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കോഴിക്കോട് ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ താമസിച്ച് പണം വീതിച്ചെടുത്ത ശേഷമാണ് നാട്ടിലെത്തിയത്. 

സിഐ എം.എസ്.രാജീവ്, എസ്ഐ ഷിജോ സി.തങ്കച്ചൻ, എസ്‌സിപിഒമാരായ സജീർ, മിഥുൻ, സജി, കൃഷ്‌ണപ്രസാദ് എന്നിവരും ഡാൻസാഫ് സംഘവും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു.

Comments are closed.