ആവശ്യമായ ഫണ്ടില്ല : ജില്ലാ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റുന്നു; പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മാത്രം 3,76,20,018 രൂപ കിട്ടാനുണ്ട്

പെരിന്തൽമണ്ണ : ആവശ്യമായ ഫണ്ട് വരാത്തത് കാരണം ജില്ലാ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റുന്നു. നാഷനൽ ഹെൽത്ത് മിഷനിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വരാത്തതാണ് ജില്ലാ ആശുപത്രികളുടെ പ്രവർത്തനത്തെയാകെ ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കുന്നത്. കാരുണ്യ അടക്കമുള്ള ആരോഗ്യ ഇൻഷുറൻസിൽ നിന്ന് പണം ലഭിക്കാതായതോടെ രോഗികളും ഏറെ പ്രയാസത്തിലാണ്. ജെഎസ്എസ്കെ, ആരോഗ്യകിരണം, എൻപിസിഡി, ആർബിഎസ്കെ തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് എൻഎച്ച്എം ഫണ്ട് ലഭിക്കാത്തതിനാൽ നിലച്ചുകൊണ്ടിരിക്കുന്നത്. പല പദ്ധതികൾക്കും കഴിഞ്ഞ ഏപ്രിൽ മുതൽ പണം വരുന്നില്ല.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മാത്രം 3,76,20,018 രൂപ കിട്ടാനുണ്ട്. ഇത് ജില്ലാ ആശുപത്രികളിൽ എൻഎച്ച്എം പദ്ധതി വഴി ജോലിയെടുക്കുന്ന ജീവനക്കാരെയും ബാധിക്കുന്നുണ്ട്. ഇവർക്ക് ഡിസംബറിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വിവിധ പദ്ധതികളിലായി 5,22,12,549 രൂപയാണ് എൻഎച്ച്എമ്മിൽ നിന്ന് കിട്ടാനുള്ളത്.

തിരൂർ ജില്ലാ ആശുപത്രിക്ക് 8,28,74,566 രൂപയും കിട്ടാനുണ്ട്. ഇവിടെ ഏറെ പ്രയാസപ്പെടുന്നത് പെരിറ്റോണിയൽ ഡയാലിസിസ് നടത്തുന്ന രോഗികളാണ്. ജില്ലയിൽ തിരൂർ കേന്ദ്രമാക്കിയാണ് ഇത്തരം രോഗികൾക്ക് മരുന്ന് നൽകി വന്നിരുന്നത്. ഇവർക്ക് കഴിഞ്ഞ നവംബറിനുശേഷം മരുന്ന് നൽകുന്നില്ല. ഈ വർഷത്തെ മരുന്നുകളെല്ലാം വിതരണം ചെയ്തുകഴിഞ്ഞെന്നാണ് എൻഎച്ച്എം അധികൃതർ ആശുപത്രിയെ അറിയിച്ചിട്ടുള്ളത്. ഇനി ഈ രോഗികൾ മാർച്ച് കഴിയുന്നതുവരെ കാത്തിരിക്കണം. ഇവിടെ ഡയാലിസിസ് നടത്തുന്ന രോഗികളുടെ നാലാം ബാച്ച് ആരംഭിക്കാനിരുന്നതാണ്. എന്നാൽ എൻഎച്ച്എം ഫണ്ട് വരാത്തത് ഈ ബാച്ചിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ.

നിലവിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കു ലഭിക്കുന്ന തുച്ഛവരുമാനവും ജില്ലാ പഞ്ചായത്ത് നൽകിവരുന്ന സഹായങ്ങളും കൊണ്ടാണ് ആശുപത്രികൾ പിടിച്ചുനിൽക്കുന്നത്. ഒപി ടിക്കറ്റ്, ചില പരിശോധനകളുടെ ഫീസ് തുടങ്ങിയവയാണ് മാനേജ്മെന്റ് കമ്മിറ്റിയുടെ വരുമാനം. ഇതുപയോഗിച്ചാണ് ബാക്കി ജീവനക്കാരുടെ ശമ്പളമടക്കം നൽകുന്നത്.

പല ആശുപത്രികളിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നിർത്തിത്തുടങ്ങി. കാരുണ്യ ഇൻഷുറൻസ് പദ്ധതി വഴിയാണ് കൂടുതൽ പേർ വലിയ ചെലവു വരുന്ന ചികിത്സ നടത്തിയിരുന്നത്. എന്നാൽ ഈ പദ്ധതി വഴി സർക്കാർ പണം നൽകാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കാരുണ്യ ലോട്ടറിയുടെ വിൽപന വഴിയാണ് ഇതിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. എന്നാൽ ലോട്ടറി വിൽപനയുണ്ടെങ്കിലും പദ്ധതി കാര്യമായി നടക്കുന്നില്ല. ഇത് വൃക്ക രോഗികൾ അടക്കമുള്ളവരെ ഏറെ പ്രയാസത്തിലാക്കുന്നു.

Comments are closed.