സൗഹാർദത്തിന്റെ ഇഴകോർത്ത കയറുമായി കുട്ടൻ നായരെത്തി; നാളെ ഒടമല മഖാം നേർച്ചയുടെ കൊടിയേറ്റം

പെരിന്തൽമണ്ണ: മത സൗഹാർദ്ദം വിളിച്ചോതി പൈതൃകത്തെ പിന്തുടർന്ന് കൊടിയേറ്റത്തിനുള്ള വിശേഷപ്പെട്ട കയറുമായി ആനമങ്ങാട് സ്വദേശി കിഴക്കുവീട്ടിൽ കുട്ടൻ
നായർ എത്തിയതോടെ ഒടമല മഖാം നേർച്ചയുടെ വിളംബരമായി.
പതിറ്റാണ്ടുകളായി ഒടമല മഖാമിൽ കൊടിയേറ്റിന് കുട്ടൻ നായരുടെ കുടുംബതാവഴിയിൽ പെട്ട കിഴക്കു വീട്ടിൽകാരാണ് കയർ എത്തിക്കുക. കൊടിയേറ്റിന് തലേന്ന് കയർ
എത്തിക്കുന്നതിനു പുറമെ കൊടിയേറ്റ് ചടങ്ങിനുമെത്തും.
മഹല്ല് പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി കയർ ഏറ്റുവാങ്ങി. നാളെ (തിങ്കളാഴ്ച) രാവിലെ 10 ന് സമസ്ത കേരള
ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റ് കർമം നിർവഹിക്കുന്നതോടെ 4 മാസം നീണ്ടു നിൽക്കുന്ന നേർച്ചയ്ക്ക്
തുടക്കമാകും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ആധ്യക്ഷ്യം വഹിക്കും. നേർച്ചയോടനുബന്ധിച്ച് 16 ന് എ.എം.നൗഷാദ് ബാഖവി, 17 ന് അൻവർ
മുഹ്യുദ്ദീൻ ആലുവ എന്നിവർ മത പ്രഭാഷണം നടത്തും. മേയ് രണ്ടാം വാരത്തിൽ മത പ്രഭാഷണം, പ്രാർഥനാ സമ്മേളനം, മൗലീദ് പാരായണം, ആയിരങ്ങൾ പങ്കെടുക്കുന്ന
അന്നദാനം എന്നിവയോടെയാണ് നേർച്ചയുടെ സമാപനം.

Comments are closed.